സക്കറിയ ഒരു പ്രതീകം മാത്രമാണ്

................................................................................................................................................
അസഹിഷ്ണുത ആശയമാവുകയും ആശയം ജീര്‍ണിക്കുകയും അച്ചടക്കം ചവിട്ടുപടിയാവുകയും ചെയ്തപ്പോഴാണ് ചരിത്രത്തില്‍ ഒരു ഹിറ്റ്ലര്‍ ഉണ്ടായത്. കമമ്യൂനിസ്റ്റ്കാര്‍ മാര്‍ക്സ്നെ ഉപേക്ഷിക്കുകയും ലെനിനിസ്റ്റ് സംഘടനാ തത്വം മാത്രം നടപ്പിലാക്കുകയും ചെയ്തപ്പോഴാണ് ഒരുസ്റ്റാലിനുണ്ടായത്. അസഹിഷ്ണുതയുടെ അനന്തരഫലങ്ങളെ കുറിച്ച് ബോധ്യമുണ്ടാവേണ്ട മാര്‍ക്സിസ്റ്റ്കാരന് തന്നെ അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ബോധം നഷ്ടമാകുമ്പോഴാണ് പയ്യന്നൂര്‍ പോലോത്ത പ്രശ്നങ്ങളുണ്ടാവുന്നത്. ഒരു സാഹിത്യകാരനെ മാത്രം ബാദിക്കുന്ന ഒരു പ്രശ്നമാണ് പയ്യന്നൂരില്‍ നടന്നതെന്ന് പറയാനാവില്ല. ഇതൊരു സ്വാതന്ത്ര്യത്തിന്‍റെ പ്രശ്നം കൂടിയാണ്. സക്കറിയ ഒരാളെ വ്യക്തിഹത്യ നടത്തുകയായിരുന്നെങ്കില്‍ അതിന്‍റെ അല്പത്തരം മനസ്സിലാക്കാമായിരുന്നു. എന്നാല്‍ അദ്ദേഹം ഒരു പ്രസ്ഥാനത്തിന്‍റെ ചരിത്രത്തെ കുറിച്ച് വര്‍ത്തമാനകാലത്ത് അതിനുസംഭവിച്ചിട്ടുള്ള രൂപാന്തരത്തെക്കുറിച്ചു, നമ്മെ, അതിനേക്കാള്‍ ആ പ്രസ്ഥാനത്തിന്‍റെ ആളുകളെ ഓര്‍മ്മപ്പെടുത്താനുള്ള ശ്രമമാണ് നടത്തിയത്. അതുവഴി പ്രസ്ഥാനങ്ങള്‍ ഏത് തരംരാഷ്ട്രീയത്തെ കുറിച്ച് എങ്ങിനെ പുതിയ കാലത്തില്‍ ചിന്തിക്കുന്നു എന്നും അത്തരം ചിന്തയിലുണ്ടായിട്ടുള്ള ജീര്‍ണ്ണതകള്‍ എന്തെല്ലാമാണ് എന്നും നമ്മെ ചിന്തിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ആ രീതിയില്‍ കേരള സമൂഹം ചര്‍ച്ചചെയ്യേണ്ട ഒരു വിഷയമായിരുന്നു അത്. എന്നാല്‍ അസഹിഷ്ണുതയുടെ രാഷ്ട്രീയം മാത്രം തലയിലേറ്റി നടക്കുന്നവരായി തങ്ങള്‍ മാറി എന്ന് പൊതു സമൂഹത്തിനു ബോധ്യപ്പെടും വിധം അനീതിയാണ് ഡീ. വൈ. എഫ്. ഐ. പ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചത്.അതിന്‍റെ പേരില്‍ ആ സംഘടനയിലുള്ള മുഴുവന്‍ പേരും അങ്ങനെയാണെന്നല്ല ഈ കുറിപ്പിന്‍റെ ഉദ്ദേശം.
                ഡീ വൈ എഫ് ഐ ഇതിനെക്കുറിച്ച് പുനര്‍ വിചിന്തനം നടത്തേണ്ടിയിരിക്കുന്നു . എന്തുകൊണ്ടെന്നാല്‍ വിവരവും വിദ്യാഭ്യാസവുമുള്ള കേരളത്തിലെ യുവ സമൂഹം വലിയൊരു വഴിത്തിരിവിന്‍റെ നാല്‍ക്കവലയിലാണ് ഇന്ന് നില്‍ക്കുന്നത്. അരാഷ്ട്രീയമോ അരാജകമോ ആയ ചിന്തകളിലെക്കുള്ള കേരളീയ യുവത്വത്തിന്‍റെ പോക്കിനെ തടഞ്ഞുനിര്‍ത്തേണ്ടത് ഇത്തരം യുവജനസംഘടനകളുടെ കൂടി കടമയാണ്. ഇതുപോലുള്ള അസഹിഷ്ണുതാപരമായ പ്രവര്‍ത്തനങ്ങള്‍ , പക്ഷെ യുവസമൂഹത്തെ ഏത് വഴിലെക്കാണ് പോകാന്‍ പ്രേരിപ്പിക്കുക എന്നത് നമ്മെ ഉണര്‍ത്തി ചിന്തിപ്പിക്കെണ്ടതാണ്. ഏറ്റവും ചുരുങ്ങിയത് എംഗല്‍സ് തന്നെ അഭിപ്രായ സ്വാതന്ത്ര്യത്തെകുറിച്ച് പറഞ്ഞ വാക്കുകളെങ്കിലും ഡീ വൈ എഫ് ഐ ക്കാരന്‍ മറക്കാതിരിക്കുക . എംഗല്‍സ് പറഞ്ഞത് ഇതാണ് "നിങ്ങളുടെ അഭിപ്രായത്തെ മുഴുവന്‍ ഞാന്‍ എതിര്‍ക്കുന്നു, എന്നാല്‍ അത് പറയാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി എന്‍റെ ജീവന്‍ ബലി നല്‍കാന്‍ ഞാന്‍ തയ്യാറാണ്"







.............................................. By ibnuasif.

Comments

Popular posts from this blog

വാക്കുകളുടെ വയലില്‍

പ്രണയത്തിനും മരണത്തിനും സൗഹൃദത്തിനും ശേഷം

മാംസത്തിന്റെ പൂക്കള്‍