പ്രണയത്തിനും മരണത്തിനും സൗഹൃദത്തിനും ശേഷം

നീ പോയ ദിക്കെന്‍റെ
ജീവതാളം 
രഹസ്യമായ് തീരുന്ന 
ചക്രവാളം
അറിയുന്നു ഞാന്‍ പ്രിയേ
ജീവനെന്‍ കാതി-
ലോതുന്ന പാട്ടിന്‍റെ 
താളം 
പിഴക്കുന്നതും 
ജീവതാളത്തിലാടുന്ന പൂവിന്നിതള്‍
പൊഴിയുന്നതും.
പരിഭവം
പേറുന്ന നെഞ്ചുമായ്
പറയാതെ പോയ നിന്‍
വഴി നോക്കി നില്‍ക്കവേ
നിണനിറം വിതറുന്ന
ചക്രവാളത്തിന്‍റെയങ്ങേത്തലയിലായ്.....
അകലുന്ന പക്ഷിതന്‍ നിഴല്‍പൊട്ടു കണ്ടുവോ... 
അറിയുന്നു ഞാന്‍ സഖീ
വരികില്ല നീയെന്‍റെ
ജീവസംഗീതത്തിന്‍റെ 
ലയമായ് താളമായ്
ശ്രുതിയായി മാറുവാനിനിയെന്‍റെ ജീവനില്‍...
ചിരന്തനം
സ്മരണയുടെ കോവിലകം
അമരം
നിന്‍ ജീവസ്വരൂപം
ഏകാന്ത ചിത്തത്തിലേതോ കോണിലെന്‍
ആത്മ സൗഹൃദങ്ങളമ്പായ് തറച്ചുവോ...
ജീവനാളത്തിന്‍റെ
തിരി കെട്ടുപോകുമോ
മജ്ജവറ്റിത്തീരുമസ്ഥികള്‍ക്കുള്ളിലായ്
കൂട്കൂട്ടുന്നുവോ നിത്യാന്ധകാരം

ചന്ജലം ജീവന്‍റെ ചക്രം 
ക്ഷണികമാം നശ്വരത മാത്രം 
മരണമല്ലോ സഖീ അമരം 
മരണമല്ലോ സഖീ അമരം...
നിന്‍ ചുംബനച്ചൂടിനാല്‍ പൂത്തോരെന്‍ 
അസ്ഥികള്‍ 
പതയുന്നു ഇരുളിന്‍റെ നിഴലില്‍ 
നിത്യാന്ധകാരത്തിന്‍ തണലില്‍ 

കീര്‍ത്തനം നീയെന്നു ഞാന്‍നിനച്ചു...
രംഗമറിയാത്ത കോമാളി മുന്നില്‍
തീരാത്ത രാഗമായ് നീ നിലച്ചു
നിന്നിലലിയുവാന്‍ വെറുതെ കൊതിച്ചു
നിന്നിലലിയുവാന്‍ വെറുതേ കൊതിച്ചു...
സ്നേഹവും മോഹവും
ചലനവും ജീവന്‍റെ
രാഗവും താളവും നീയായ്
ഇന്ന് തീരേ മരിക്കാത്തോരോര്‍മ്മയായ് 
നീ പോയ വഴിപാതി ഞാന്‍നടന്നു
നിന്‍, മുദ്രകള്‍ കനലായ് എരിഞ്ഞു
ഏകാന്ത വഴിയില്‍ തളര്‍ന്നു 
കണ്ണില്‍ ഇരുളിലേക്കോഴുകുന്ന പുഴ തളിര്‍ത്തു 
കണ്ണില്‍ ഇരുളിലേക്കോഴുകുന്നപുഴ തളിര്‍ത്തു..... 
സൗഹൃദം നിര്‍ദ്ദയം അമ്പായ് തറച്ചു
ഏകാന്ത ചിന്തകള്‍ മാത്രം വിധിച്ചു
ജീവനൊഴുകുന്ന പുഴയ്ക്കിന്നു ചലനമില്ല
സൗഹൃദക്കൂട്ടിന്നു കാവലില്ല
ഒന്നുമേ കാണാത്ത ദൈവം 
ഇരുളിലേക്കെന്നെ വിളിപ്പൂ 
ജീവിതം കാണാത്ത സൗഹൃദം വേണ്ടിനി  ഇരുളില്‍ ചിരിക്കുന്ന ദൈവവും വേണ്ടാ ....
ജീവിതം കാണാത്ത സൗഹൃദം വേണ്ടിനി
ഇരുളില്‍ ചിരിക്കുന്ന ദൈവവും വേണ്ടാ.....

Comments

Popular posts from this blog

വാക്കുകളുടെ വയലില്‍

മാംസത്തിന്റെ പൂക്കള്‍